മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മന്ത്രി
തിരുവനന്തപുരം: ഫുട്ബോള്‍ താരം മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരില്ലായെന്ന് അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്. ഈ ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്ന് പറഞ്ഞതിനാലാണ് പണമടച്ചത്. തുക അടച്ചശേഷമാണ് ഈ വര്‍ഷം കേരളത്തില്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'നിലവില്‍ അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ പണം അടയ്ക്കാന്‍ അര്‍ജന്റീന ടീം മെയില്‍ അയച്ചപ്പോഴാണ് പണമയച്ചത്. അവര്‍ പറഞ്ഞത് രണ്ടു വിന്‍ഡോയാണ്. ഒക്ടോബര്‍, അല്ലെങ്കില്‍ നവംബര്‍. അതിന് ശേഷം അവര്‍ ഒക്ടോബറില്‍ എന്തായാലും വരുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണമയച്ചത്. പക്ഷേ പണം സ്വീകരിച്ചതിന് ശേഷമാണ് ഈ വര്‍ഷം വരാന്‍ പറ്റില്ല എന്ന് പറഞ്ഞത്. കേരളത്തെ സംബന്ധിച്ച് 2025 ഒക്ടോബറില്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇത് മാത്രമേ കേരളത്തിന് സ്വീകാര്യമുള്ളൂ. കേരളത്തിന് ഏതെങ്കിലും രീതിയില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്തം അര്‍ജന്റീന ടീമിനാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പണം അടച്ചാല്‍ എങ്ങനെ നഷ്ടപ്പെടും? കളിക്ക് വേണ്ടി പണം അടച്ചിട്ട് നിങ്ങള്‍ വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം തരേണ്ടത് സംസ്ഥാനത്തിനാണ്. കേന്ദ്ര കായിക മന്ത്രാലയം, ധനകാര്യ വകുപ്പ്, റിസര്‍വ് ബാങ്ക് തുടങ്ങിയവയുടെ അനുമതിയോടെയാണ് പണം അടച്ചത്. അതുകൊണ്ട് തന്നെ മറ്റൊന്നും മറച്ചുവെയ്ക്കാനില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്.'- മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന് ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശനം നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.